Timely news thodupuzha

logo

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്

തൃശൂർ: തൃശൂർ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്‍റെ റിപ്പോർട്ട്. പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം മുൻകൂട്ടി തിരുമാനിച്ചതായും സുന്ദർ മേനോൻ, ഗിരീഷ്, വിജയമേനോൻ, ഉണ്ണി കൃഷ്ണൻ, രവി തുടങ്ങിയവർ ഇതിനായി പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെ സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ‍്യമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ചിലരാണ് കുഴപ്പങ്ങൾ സൃഷ്ട്ടിച്ചതെന്നും തൽപ്പരകക്ഷികളുമായി ചേർന്ന് ഗൂഡാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് നിയമപരമായിട്ടാണ് പ്രവർത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എഡിജിപി അജിത് കുമാറിന്‍റെ ഈ റിപ്പോർട്ട് നേരത്തേ തന്നെ ഡി.ജി.പി തള്ളിയിരുന്നു. അതേസമയം എ.ഡി.ജി.പിക്കെതിരേ പ്രതികരിച്ച് തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരം കലക്കിയതിന്‍റെ ഉത്തരവാദിത്വം തിരുവമ്പാടി ദേവസ്വത്തിന്‍റെ മേൽ വച്ചുകെട്ടാനാണ് ശ്രമമെന്നും ദേവസ്വത്തിൽ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു.

എ.ഡി.ജി.പിയുടെ വീഴ്ച മറയ്ക്കാനാണ് ശ്രമമെന്നും പൂരം കലക്കൽ സി.ബി.ഐ അന്വേഷിക്കണമെന്നും ഗിരീഷ് കുമാർ പറഞ്ഞു. 3500 ഓളം പൊലീസുകാർ അവിടെയുണ്ടായിരുന്നുവെന്നും എന്നാൽ പൂരം കലക്കുമെന്ന് പൂരം കഴിഞ്ഞ ശേഷമാണോ പൊലീസ് അറിഞ്ഞതെന്നും ഗിരീഷ് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *