കോഴിക്കോട്: ചോദ‍്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല‍്യൂഷൻസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ക്രൈം ബ്രാഞ്ച്. സിഇഒ ഷുഹൈബിന്‍റെ രണ്ട് അക്കൗണ്ടുകളാണ് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചത്.
കാനറ ബാങ്ക്, എസ്.ബി.ഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടിൽ 24 ലക്ഷം രൂപ ഉണ്ടായിരുന്നു. നിലവിൽ ഒളിവിലായ ഷുഹൈബിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. കഴിഞ്ഞ ദിവസം എംഎസ് സൊല‍്യൂഷൻസിലെ രണ്ട് അധ‍്യാപകരോട് ഹാജരാകാൻ ആവശ‍്യപ്പെട്ടിരുന്നു.
എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ ഇതുവരെ അധ‍്യാപകർ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം അധ‍്യാപകരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് ഷുഹൈബിന്‍റെ മുൻകൂർ ജാമ‍്യപേക്ഷ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കുന്നത്. അതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.