Timely news thodupuzha

logo

എച്ച്.എം.പി.വി വയറസ്; ഇന്ത്യയിൽ ആറ് കേസുകൾ റിപ്പോർട്ട് ചെയ്തു: ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്എംപിവി വ്യാപനത്തിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നറിയിച്ച് ആരോഗ്യ മന്ത്രാലയം. ഇതുവരെ ആറ് പേർക്ക് എച്ച്എംപിവി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. ചൈനയൽ നിലവിലെ സാഹചര്യങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. എച്ച്എംപിവി പുതിയ വൈറസല്ലെന്നും ആശങ്കയുടെ കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.

രാജ്യത്ത് മുൻപേയുള്ള വൈറസാണിത്. വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ തോത് പരിഭ്രാന്തിക്കിട നൽകുന്ന വിധത്തിൽ ഉയർന്നിട്ടില്ല. ചൈനയിലെയും അയൽരാജ്യങ്ങളിലെയും സ്ഥിതിഗതികൾ ഐസിഎംആറും ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രവും (എൻസിഡിസി) സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

ലോകാരോഗ്യ സംഘടനയും ഇതേക്കുറിച്ചു പരിശോധിക്കുന്നുണ്ട്. അവരുടെ റിപ്പോർട്ട് ഉടൻ ലഭിക്കും. എച്ച്എംപിവി 2001ൽ കണ്ടെത്തിയ വൈറസാണ്. അന്നു മുതൽ അതു ലോകമൊട്ടാകെയുണ്ട്.

ശ്വാസത്തിലൂടെയാണു പകരുന്നത്. എല്ലാ പ്രായക്കാരെയും ഇതു ബാധിക്കാം. ശൈത്യകാലത്താണ് വൈറസ് ബാധ കൂടുതലായി കാണപ്പെടുന്നതെന്നും മന്ത്രി അറിയിച്ചു. ബാംഗ്ലൂർ(2) ചെന്നൈ(2) അഹമ്മദാബാദ്(1) കൊൽക്കത്ത(1) എന്നിങ്ങനെയാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കണക്കുകൾ. രോഗം ബാധിച്ചത് കുട്ടികളിലാണ്.

എന്നാൽ‌ ചൈനയിൽ പടർന്നു വരുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാകുന്നത്. ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരും വിദേശയാത്ര നടത്തിയിട്ടില്ല.

ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോ​ഗ്യവിദ​ഗ്ധർ നൽകുന്ന നിർദേശം.

ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണ്. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ട് എന്നാൽ വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *