മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത സംഭവത്തിൽ അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ‍്യൂറോയ്ക്ക് പരാതി നൽകി അനിമൽ ആൻഡ് നേച്ചർ എത്തികസ് കമ്മ‍്യൂണിറ്റി ട്രസ്റ്റ്.
നടപടി ക്രമങ്ങൾ പാലിക്കുന്നതിൽ വീഴച്ചയുണ്ടായെന്നും വനംവകുപ്പ് ഉദ‍്യോഗസ്ഥർ കാടിനുള്ളിൽ അതിക്രമിച്ച് കയറിയെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ കേസ് നൽകാനും സംഘടന ആലോചിക്കുന്നുണ്ട്. നരഭോജി കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
കഴുത്തിലെ മുറിവ് ആണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. ജനുവരി 24നായിരുന്നു കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ രാധ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോയതിനിടെയായിരുന്നു കടുവ ആക്രമിച്ചത്. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതിനെ തുടർന്നാണ് കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ടത്. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.