തൃശൂർ: കേരളത്തിലേക്ക് കൊറിയർ വഴി കഞ്ചാവ് കടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കൊറിയർ ദാദ എന്നറിയപ്പെടുന്ന മുംബൈ സ്വദേശി യോഗേഷ് ഗണപത് റാങ്കഡെയെയാണ് തൃശൂർ പൊലീസ് അറസ്റ്റു ചെയ്തത്. തൃശൂരിലെ കൊപ്പാലയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും പാർസലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാലരക്കിലോ കഞ്ചാവുമായി ജിഷ്ണു എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊറിയർ സ്ഥാപനത്തിലേക്ക് കഞ്ചാവ് അയക്കുന്ന മുംബൈ കേന്ദ്രങ്ങളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചു. മുംബൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യോഗേഷ് ഗണപത് റാങ്കഡെ പിടിയിലാകുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തിൽ കഞ്ചാവും ലഹരിവസ്തുക്കളും കൊറിയർ വഴി അയക്കുന്ന വലിയ സംഘമാണിതെന്ന് പൊലീസ് പറഞ്ഞു.