കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടിയെ വീടിനുള്ളിൽ പരുക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിൻറെ മൊഴി പുറത്ത്. പെൺകുട്ടിയെ മർദിച്ചിരുന്നതായും ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പറഞ്ഞു. കേസിൽ യുവാവിൻറെ മൊഴി പരിശോധിക്കുകയാണെന്നും, ഇതുവരെ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റടക്കമുള്ള നടപടികൾ മൊഴി പരിശോധിച്ച ശേഷം ഉണ്ടാവും. ഗുരുതര ആരോപണമുള്ള കേസാണിത്. സംശയം ഉള്ള ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിക്ക് ദേഹോപദ്രവമേറ്റിട്ടുണ്ട്.
അമ്മയുടെ പരാതിയിൽ ബലാത്സംഗം, വധശ്രമ കേസുകൾ ചുമത്തിയതായും പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുകയാണെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തി.
ലഹരി കേസിലെ പ്രതിയായ 24 കാരനാണ് പിടിയിലായിരിക്കുന്നത്. പീരുമേട് സ്റ്റേഷനിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാൾ. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്.