മുംബൈ: മുംബൈയിലേയും ഡൽഹിയിലേയും ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുള്ളതായി ബി.ബി.സി അറിയിച്ചു . പരിശോധനയോട് സഹകരിക്കുമെന്നും പ്രവർത്തനം പതിവുപോലെ തുടരുമെന്നും ബി.ബി.സി വ്യക്തമാക്കി . രാത്രി വൈകിയും പരിശോധന നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. 2012 മുതലുള്ള രേഖകളാണ് പരിശോധിക്കുന്നത്.
അന്താരാഷ്ട്ര നികുതി അടക്കമുള്ളവയിലെ ക്രമക്കേടുകളും ബി.ബി.സിയുടെ ഉപ കമ്പനികളിലെ ട്രാൻഫർ വിലനിർണ്ണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെയുള്ളവയാണ് പരിശോധിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതി ഇടപെടൽ ആവശ്യപ്പെടുന്ന കാര്യം ബി.ബി.സി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.