കോഴിക്കോട്: ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവുപ്പെടുകയായിരുന്നു. പിന്നാലെ ഏഴ് കുട്ടികൾ ആശുപത്രിയിൽ ചികിത്സതേടി. ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയ ക്യാരറ്റ് ഉപ്പേരിയില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായിയെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 22 കുട്ടികളാണ് അങ്കണവാടിയില്‍ ആകെയുളളത്. ഇതില്‍ ഏഴ് കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.