ന‍്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. 30 എഎപി എംഎൽഎമാർ രാജി ഭീഷണി മുഴക്കി രംഗത്തെത്തിയതോടെയാണ് എഎപി പ്രതിസന്ധിയിലായത്.
മുഖ‍്യമന്ത്രി ഭഗവത് മന്നിനൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ് വിമത എംഎൽഎമാർ പറയുന്നത്. ഭഗവത് മൻ ഏകാധിപത‍്യ നിലപാടാണ് പുലർത്തുന്നതെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് എംഎൽഎമാരുടെ ആരോപണം. പഞ്ചാബിൽ നേതൃമാറ്റം അനിവാര‍്യമാണെന്നും വിമത എംഎൽഎമാർ ആവശ‍്യപ്പെട്ടു.
പ്രതിസന്ധി പരിഹരിക്കാനായി അരവിന്ദ് കെജ്‌രിവാൾ എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചു. മുതിർന്ന നേതാക്കളെ പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്. 2022ൽ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റിൽ 92 എണ്ണം നേടിയാണ് കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുത്തത്.
കോൺഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലിദളിന് 3 എംഎൽഎമാരുമുണ്ട്. ലുധിയാനയിൽ ഒഴിവുള്ള സീറ്റിൽ കെജ്‌രിവാൾ മത്സരിക്കുമെന്ന കോൺഗ്രസിൻറെ ആരോപണത്തിന് പിന്നാലെയാണ് എംഎൽഎമാർ പാർട്ടി വിടുമെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.