കരിമണ്ണൂർ: തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനവുമായി ബന്ധപ്പെട്ട് മൂന്നാം വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ സമർപ്പിച്ച കത്ത് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു. തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്റർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. ഇപ്പോൾ ഏഴുനിലക്കുത്ത് വരെയാണ് സഞ്ചാരികൾക്ക് പോകാൻ അനുമതി ഉള്ളത്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻകുത്തിൽ എത്താം. മുത്തികുത്ത്, കുടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത്, തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളും ഗുഹകളും ഉണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിക്കാനോ പ്രവേശിക്കാനോ അനുവദിക്കാതെ വനം വകുപ്പ് ടുറിസം വികസനത്തിന് തടസം നിൽക്കുകയാണ് ചെയ്യുന്നത്. ആവശ്യത്തിന് ഗൈഡുമാർ ഉണ്ടായിട്ടും കൂപ്പു റോഡ് ഉണ്ടായിട്ടും ഇവിടെ ട്രെക്കിങ്ങിനോ ഓഫ് റോഡ് ടൂറിസത്തിനോ അനന്ത സാധ്യതകൾ ഉണ്ടായിട്ടും ഇതൊന്നും വിനിയോഗിക്കുന്നില്ല.

ഓഫ് റോഡ് ടുറിസത്തിനുള്ള സാധ്യതകളും ഇവിടെയുണ്ട്. ഇതുവഴി അനേകം വിനോദ സഞ്ചാരികൾ ഒഴുകിയെത്തുകയും കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ നമ്പർ വൺ ഇക്കോ ടൂറിസം സെൻ്റർ ആയി തൊമ്മൻകുത്തിനെ മാറ്റുവാൻ കഴിയും. ഇതുവഴി അനേകം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തൊമ്മൻകുത്തിന്റെ സമീപ പ്രദേശങ്ങൾ ആയ ആനച്ചാടികുത്ത്, കോട്ടപ്പാറ ,കാറ്റാടിക്കടവ്, മീനുളിയാൻപാറ, മക്കുവള്ളി ഗ്രാമം,പാൽകുളം മേട്, കീഴാർകുത്ത്, മനയത്തടം എന്നീ പ്രകൃതി രമണീയമായ ടുറിസം സെൻ്ററുകളെ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിച്ച് ട്രക്കിങ്ങിനും ഓഫ് റോഡ് ടൂറിസത്തിനും പ്രധാന്യം നൽകികൊണ്ട് അതിനു ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്താൽ അനന്തമായ സാധ്യതകളും വികസനവുമാണ് സാധ്യമാകുന്നത്.
തൊമ്മൻകുത്തിൻ്റെ താഴ്‌ഭാഗത്ത് തടയണ നിർമിച്ചു പെഡൽ ബോട്ടിങ്ങ്, പാറയിടുക്കുകളെ ബന്ധിപ്പിച്ചു മാൻ പാർക്ക് സ്ഥാപിക്കുക, പുഴയോരത്തുള്ള മരങ്ങളിൽ ട്രീ ഹൗസുകൾ, പാറക്കല്ലുകളിൽ റോക്ക് ഹൗസുകൾ എന്നിവ നിർമിക്കുക വഴി ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് അഡ്വെഞ്ചർ ഫോറസ്റ്റ് ക്യാമ്പിംഗ് സാധ്യമാകും. ഇത് മറ്റു ഫോറസ്റ്റ് ഡിവിഷനുകളിൽ പ്രാവർത്തികമാക്കി വിജയം കൈവരിച്ച പദ്ധതികളാണ്. ഇത് തൊമ്മൻകുത്തിൽ പ്രാവർത്തികമാക്കുക വഴി ടുറിസം ഹബ് ആയി മാറ്റുവാനും കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് ടൂറിസം കവാടമായി മാറുകയും ചെയ്യും. പക്ഷെ ഇതിനെല്ലാം തുരങ്കം വയ്ക്കുന്ന സമീപനമാണ് മാറി മാറി വരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. രണ്ട് വർഷം മുമ്പ് തൊമ്മൻകുത്ത് ടൂറിസം വികസനത്തിന് വേണ്ടി 70 ലക്ഷം രൂപ അനുവദിച്ചിട്ട് ഏഴു നിലകുത്ത് വരെയുള്ള ഒരു കിലോമീറ്റർ റോഡ് പോലും സഞ്ചാരയോഗ്യമാക്കാൻ സാധിച്ചിട്ടില്ല. 20 ലക്ഷം രൂപ ചിലവാക്കി അപകടരഹിതമായി കുളിക്കുന്നതിന് വേണ്ടി പാറയിൽ നടകൾ കൊത്തിയുണ്ടാക്കിയ വഴി, ഇരിമ്പു ഗേറ്റ് സ്ഥാപിച്ച് അടച്ചുപൂട്ടുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചെയ്തത്.
ഈ കമ്പി വേലികൾ നീക്കം ചെയ്ത് രാജഭരണ കാലത്തെ നിർമ്മിതി ആയ ചൊർക്കയും, ശർക്കരയും, ചേർത്ത് നിർമ്മിച്ച ഡാമിൻറെ അടിത്തറ ഇളക്കം കൂടാതെ ഇന്നും നിലനിൽക്കുന്നുണ്ട്, ഇത് കാണാൻ ഉള്ള അവസരം സഞ്ചാരികൾക്ക് അനുവദിക്കുന്നില്ല. കൂടാതെ അപകടത്തിൻറെ പേര് പറഞ്ഞ് ഇവിടെ കുളിക്കുന്നതിനും ഇതിൻറെ താഴ് ഭാഗത്ത് ആയി സ്ഥിതി ചെയ്യുന്ന മനോഹരമായ പ്ലാവ് പൊത്ത് കാണുന്നതിനും സഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. വേനൽ കാലത്ത് യാതൊരു അപകട സാദ്ധ്യതയും ഇല്ലാതിരുന്നിട്ടും വെറുതെ കമ്പി വേലികൾ സ്ഥാപിച്ച് വിശാലമായ തൊമ്മൻകുത്തിൻ്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് വിനോദസഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. കമ്പി വേലികൾ നീക്കം ചെയ്താൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സഞ്ചാരികൾക്ക് വളരെ പ്രയോജനപ്പെടും.തൊമ്മൻകുത്തിൻറെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന ഈ കാര്യങ്ങൾ അടിയന്തിരമായി പരിഹരിച്ചു തന്ന് സഹായിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർക്ക് കത്ത് നൽകി.