തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയിൽ എൽ പി സ്കൂളിനും, ക്ഷേത്രത്തിനും സമീപം പുല്ലിനും, അടിക്കാടുകൾക്കും തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിന് ആയിരുന്നു സംഭവം. പ്രവർത്തനം നിർത്തിയ പാറമടയ്ക്ക് സമീപമുള്ള വലിയ പ്രദേശത്തിന്റെ ഒരു ഭാഗത്താണ് തീ ഉണ്ടായത്. ആനകെട്ടിപ്പറമ്പിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.
അടിക്കാടുകൾ ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ തൊടുപുഴ അഗ്നി രക്ഷാ സേനയെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർഖാൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തി. പക്ഷെ, തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് സേനയുടെ ചെറിയ വാഹനം പോലും എത്തിപ്പെടാൻ പറ്റാത്ത ദുർഘടമായ അവസ്ഥയായിരുന്നു.
അതിനാൽ തന്നെ ജീവനക്കാർ സ്ഥലത്തേക്ക് നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തീ തല്ലിക്കൊടുത്തുവാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. കൂടാതെ സേനാംഗങ്ങൾ തന്നെ ബക്കറ്റിലും മറ്റും വെള്ളം സ്ഥലത്തെത്തിച്ച് അരമണിക്കൂറിനുള്ളിൽ തീ പൂർണ്ണമായും അണക്കുകയും ചെയ്തു. പലപ്പോഴും അഗ്നി രക്ഷാ സേനയുടെ വാഹനം എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലാണ് തീപിടുത്തം ഉണ്ടാകുന്നത്. ഇവിടേക്ക് നടന്ന് എത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് പോംവഴി.