തൊടുപുഴ: മലയാളവർഷത്തിലെ മേടം പത്തിനാണ് പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. കർഷകർക്കു വളരെ പ്രധാനപ്പെട്ടതാണ് ഈ ദിവസം. പണ്ടൊക്കെ വിഷുദിവസം പാടത്ത് കൃഷിപ്പണി തുടങ്ങും.
കൃഷിപ്പണികളുടെ തുടക്കമായി പാടത്തു ചാലു കീറലാണ് വിഷുദിവസം ചെയ്യുക. എന്നാൽ ഏതു വിളവിനാണെങ്കിലും വിത്തു വിതയ്ക്കാനും തൈ നടാനുമൊക്കെ തിരഞ്ഞെടുക്കുന്നത് പത്താമുദയ ദിവസമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ വിശ്വാസം. കൂടാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ഈ ദിവസങ്ങളിൽ സൂര്യോദയത്തിനു മുമ്പേ ദീപം കാണുകയും കന്നുകാലികൾക്കു ദീപം കാണിച്ചു ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു.
നിത്യപൂജയില്ലാത്ത കാവുകളിലും മറ്റും ഈ സമയത്തു പൂജകൾ നടക്കുന്നു. വീടു പാലുകാച്ചിനു ഈ ദിനം ഉത്തമമായി കരുതുന്നു. പത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.
പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത് വെറുതേയല്ല. ആചാരവും വിശ്വാസവും എന്നതിനൊക്കെ അപ്പുറം, മണ്ണും മഴയും, വിളവുമെല്ലാം അറിയുന്ന പഴമുറക്കാരുടെ അനുഭവപാഠമായിരുന്നു. മേടം പത്തിനു മലയാളികൾ പത്താമുദയം കൊണ്ടാടുന്നതിനു പിന്നിൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന കൃഷി അറിവുകളുടെ കുളിർമ്മയുണ്ട്. പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി രീതി ആയിരുന്നുവല്ലോ പണ്ട്.
പെയ്തു കിട്ടുന്ന മഴ മാത്രമാണ് ആശ്രയം. കാലാവർഷത്തിന്റെയും തുലാവർഷത്തിന്റെയും കാര്യത്തിൽ സമ്പന്നമായിരുന്നു പഴമക്കാലം. ചാലിദളും വിത്തിറക്കലും തൈനടലുമെല്ലാം സൂര്യന്റെ യാത്രകളും ഞാറ്റുവേലകളുമെല്ലാം നോക്കി ചിട്ടപ്പെടുത്തിയത് സ്വാഭാവികം. തികച്ചും പ്രായോഗികവും. പത്താമത്തെ ദിവസമായ തൈകൾ നടാനുള്ള ഏറ്റവും നല്ല ദിവസമായി പഴമക്കാർ തീർച്ചപ്പെടുത്തിയതും ഈ പ്രായോഗികതയുടെ വളക്കൂറുള്ള മണ്ണിൽ നിന്നുകൊണ്ടു തന്നെയാണ്.
എന്നിരുന്നാലും യുവാക്കൾ പത്താമുദയത്തിനോ കൃഷിക്കോ പ്രാധാന്യം കൊടുക്കുന്നില്ല എന്നത് മനസിലായത് കൊണ്ടാണ് ജോൺസൺ പത്താമുദയം ആഘോഷമാക്കുവാൻ തീരുമാനിച്ചത്. മുൻ വർഷങ്ങളിലും അദ്ദേഹം പത്താമുദയത്തിന് ആഘോഷമായി വിത്തിറക്കിയിരുന്നു. ഇത്തവണത്തെ വിത്തിറക്കലിന്റെ ഉദ്ഘാടനം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി സുരേഷ് ബാബു നിർവഹിച്ചു.
പത്താമുദയം എന്നത് കാർഷിക ഉത്സവമാണെന്നും യുവാക്കൾ പത്താമുദയത്തിനും കൃഷിക്കും പ്രാധാന്യം കൊടുക്കണമെന്നും ജോൺസൺ പൊട്ടനാനിക്കൽ പറഞ്ഞു.
ചടങ്ങിൽ കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, മുതിർന്ന പത്രപ്രവർത്തകൻ ജെയിംസ് പന്തക്കൽ, ജോസ് പനച്ചിക്കാട്ട്, എം.സി ചാക്കോ, ജോയ് വാദ്ധ്യാപ്പിള്ളിൽ,ജോഷി എടാട്ട്, ജോർജുകുട്ടി വടക്കേക്കര എന്നിവർ സന്നിഹിതരായിരുന്നു. ഇപ്രാവശ്യം നാലായിരത്തോളം എണ്ണം ചേനയാണ് വിത്തിറക്കിയത്. മികച്ച വിള ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് അദ്ദേഹം.
കൃഷിയെ മാറ്റി നിർത്തുന്ന സാഹചര്യത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ആഘോഷവും ഇല്ലാതെയായി കൊണ്ടിരിക്കുകയാണ്. കാർഷികോത്സവമായ ഓണം വാണിജ്യവൽക്കരിക്കപ്പെട്ടതോടെ ആഘോഷിക്കുന്നുണ്ടെങ്കിലും കൃഷിയെന്ന സത്ത നഷ്ടപ്പെട്ടിരിക്കുകയാണ്. പത്താമുദയമുൾപ്പടെയുള്ള എല്ലാ കാർഷികോത്സവങ്ങളും സത്ത നഷ്ടപ്പെടാതെ തിരികെ കൊണ്ടുവരാൻ ശ്രമിക്കാം.