ഹൈദരാബാദ്: തെലങ്കാനയിൽ നിർമ്മാണ പ്രവർത്തികൾക്കിടെ തുരങ്കം തകർന്ന് അപകടം. നിരവധി തൊഴിലാളികൾ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടം നടക്കുമ്പോൾ 50 ഓളം തൊഴിലാളികൾ ടണിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇതിൽ 43 ഓളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 7 പേരാണ് നിലവിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം.
ഇവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻറെ ഒരു ഭാഗത്ത് ചില തൊഴിലാളികൾ ചോർച്ച പരിഹരിക്കാൻ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. നാഗർകുർണൂൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ തുരങ്കം അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി 4 ദിവസം മുൻപാണ് ഇത് തുറന്നത്.