ഇടുക്കി: ഇടുക്കിയിലെ കർഷകർ സമാനതകളില്ലാത്ത സങ്കീർണതകളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടുത്തെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും നിയമക്കുരുക്കുകളാൽ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. നിർമ്മാണ നിരോധനവും വന്യജീവി ആക്രമങ്ങളും വന നിയമങ്ങളിലെ സങ്കീർണതയും സി.എച്ച്.ആർ മേഖലയിലെ പ്രതിസന്ധിയും ഇവിടുത്തെ ജീവിതം ദുരിത പൂർണ്ണമാക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വാഗ്ദാനങ്ങൾക്ക് അപ്പുറം ശാശ്വത പരിഹാരത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ സർക്കാരിന്റെ മെല്ലെ പോക്കിനെതിരെ ജനവികാരം ഉയർത്തിക്കാട്ടി ഇടുക്കി രൂപത സമരമുഖത്ത് സജീവമാകുന്നു. ഇതിന്റെ ഭാഗമായി നാലിന് ഇടുക്കി കളക്ടറേറ്റിലേക്ക് ബഹുജന കർഷക പ്രതിഷേധ മാർച്ച് നടത്തുന്നു. രാവിലെ 10ന് പൈനാവിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ശ്രീ. ജോർജ് കോയിക്കൽ നയിക്കുന്ന പ്രതിഷേധ മാർച്ച് കളക്ടറേറ്റ് പടിക്കൽ എത്തിച്ചേരുമ്പോൾ നടക്കുന്ന പ്രതിഷേധ സമ്മേളനത്തെ മാർ ജോൺ നെല്ലിക്കുന്നേൽ അഭിസംബോധന ചെയ്യും.
ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും. സിജോ ഇലന്തൂർ, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, കത്തോലിക്ക കോൺഗ്രസ് രൂപത പ്രതിനിധികൾ എന്നിവർ സംസാരിക്കും. രൂപതയിലെ വൈദികരും നൂറ് കണക്കിന് കർഷകരും സമരത്തിന്റെ ഭാഗമാകും.