കൊച്ചി: കാരിക്കാമുറിക്ക് സമീപമുള്ള ഇൻ്റർനാഷ്ണൽ തപാൽ സംവിധാനം വഴി വന്ന കൊറിയറിലെ മയക്ക് മരുന്ന് എക്സൈസ് പിടി കൂടി. കൊച്ചി ഇൻ്റർനാഷ്ണൽ പോസ്റ്റൽ അപ്രൈയ്സലിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ഫ്രാൻസിൻ നിന്നാണ് മയക്ക് മരുന്ന് ഓർഡർ ചെയ്തു വരുത്തിച്ചത്. പാർസലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ച് എക്സൈസ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം സ്വദേശി തനിമ വീട്ടിൽ അതുൽ കൃഷ്ണ (23) എന്നയാളെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സജിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ ഇയാളുടെ വെമ്പായത്തെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഒരു തരത്തിലും ഉറവിടം കണ്ടെത്താതിരിക്കാൻ ഡാർക്ക് വെബ് വഴിയാണ് ഇയാൾ എം ഡി എം എ ഓർഡർ ചെയ്ത് വരുത്തിയത്.
10.400 ഗ്രാം എം ഡി എം എ എക്സൈസ് പിടിച്ചെടുത്തു. ബിറ്റ് കൊയിൻ വഴിയാണ് ഇയാൾ പണം നൽകിയിരുന്നത്. ഇതിൻ്റെ ഉറവിടം തേടി നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ സഹകരണത്തോടെ ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഒരുങ്ങുകയാണ് എക്സൈസ്. ഇൻ്റർനാഷ്ണൽ കൺസെയ്ൻ്റ്മെൻ്റുകൾ വരുന്നത് ട്രാക്ക് ചെയ്ത് ഫ്രാൻസിലേക്ക് ഇന്ത്യൻ എംബസി മുഖാന്തിരം സന്ദേശം അയക്കുന്ന നടപടി എക്സൈസ് സൈബർ സെൽ മുഖേന പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപപ്പെടുത്തുന്നതായും അധികൃതർ അറിയിച്ചു.