കൊച്ചി: മലക്കപ്പാറയിൽ കാട്ടുപോത്തിൻറെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ഝാർഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവാവിന് നേരെ കാട്ടുപോത്തിൻറെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ നട്ടെല്ലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നത്. ഞായറാഴ്ച വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വരുന്നതിനിടെയാണ് സഞ്ജയ്‌യെ കാട്ടുപോത്ത് ആക്രമിച്ചത്.
റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവാവിനെ കാട്ടുപോത്ത് ഇടിച്ചു തെറിപ്പിച്ചിരുന്നു. ഉടനെ സമീപത്തെ ടാറ്റാ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റതിനാൽ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ‍്യാഴാഴ്ച രാവിലെയാണ് പൊള്ളാച്ചി ആശുപത്രിയിൽ വച്ച് യുവാവ് മരിച്ചത്.
വന‍്യജീവികളുടെ സാന്നിധ‍്യം പതിവുള്ള മേഖലയാണിതെന്നാണ് വിവരം. സഞ്ജയും കുടുംബവും വർഷങ്ങളായി ഇവിടെയാണ് താമസം. മൃതദേഹം ഝാർഖണ്ടിലേക്ക് കൊണ്ടുപോകുമോ എന്നുള്ള കാര‍്യത്തിൽ വ‍്യക്തതയില്ല.