Timely news thodupuzha

logo

കോഴിക്കോട് വീട്ടിൽ പ്രസവം നടത്തിയതിനാൽ കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന് പരാതിയുമായി കുടുംബം

കോഴിക്കോട്: വീട്ടിൽ പ്രസവം നടത്തിയതിനാൽ കുട്ടിയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്.

2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാരോപിച്ച് ഷറാഫത്ത് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിൻറെ ഭാര്യ ആസ്നാ ജാസ്മിൻ ഗർഭകാരത്ത് ചികിത്സ തേടിയത്. ഒക്‌ടോബർ 28ന് പ്രസവ തീയതിയും ആശുപത്രി അധികൃതർ‌ നൽകിയിരുന്നു.

എന്നാൽ, പ്രസവവേ​ദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടൻ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്.

തുടർന്ന് ഷറാഫത്ത് ബ്ലേഡ് വാങ്ങിവന്ന് കുട്ടിയുടെ പുക്കിൾകൊടി മുറിച്ച് മാറ്റുകയുമായിരുന്നു. അന്ന് തന്നെ കെ സ്മാർട്ട് വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയും ചെയ്തതായി ഷാറാഫത്ത് പറയുന്നു. നാല് ദിവസത്തിനു ശേഷം ആശാവർക്കർമാരെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇതുവരെ ജനന സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെന്ന് ഷറാഫത്ത് പറയുന്നു. കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാലാണ് സർട്ടിഫിക്കറ്റ് നൽകാത്തതെന്നാണ് ആരോഗ്യ വകുപ്പിൻറെ പ്രതികരണം.

ഒരു സ്ത്രീ ഗർഭിണിയായാൽ അത് പൊതുജന ആരോഗ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രസ്തുത തീയതിയിൽ പ്രസ്തുത വിലാസത്തിൽ കുട്ടി ജനിച്ചതായുള്ള രേഖകൾ സമർപ്പിച്ചാൽ ജനന സർട്ടിഫിക്കറ്റ് നൽകാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *