Timely news thodupuzha

logo

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ: പ്രതികരിച്ച് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേയുളള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻറെ ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി സംസാരിക്കാത്ത ആളുകളിൽ ഭാഷ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു സ്റ്റാലിൻറെ ആരോപണം.

എന്നാൽ ഇതിനെതിരേ പരിഹാസ മറുപടിയായിരുന്നു അമിത് ഷായുടെ ഭാഗത്തു നിന്നുണ്ടായത്. തമിഴ്‌നാട് സംസ്ഥാനത്തിന് മാത്രമായി മെഡിക്കൽ-എൻജിനീയറിങ് കോഴ്‌സുകൾ ആരംഭിക്കണമെന്ന് സ്റ്റാലിന് അമിത് ഷാ മറുപടി നൽകിയത്.

റിക്രൂട്ട്‌മെൻറ് നടപടികളിൽ പ്രദേശിക ഭാഷ ഉൾപ്പെടുത്തിയ തീരുമാനം സ്വീകരിച്ചത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് റിക്രൂട്ട്‌മെൻറിൽ ഇതുവരെ മാതൃഭാഷയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുവാക്കൾ അവരുടെ ഭാഷയിൽ ഇത്തരം പരീക്ഷകൾ എഴുതട്ടെയെന്ന് തീരുമാനിച്ചത്. തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ ഈ പരീക്ഷകൾ എഴുതാനാകും. തമിഴ്‌നാട് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് തമിഴ്നാടിനായി തമിഴിൽ ഒരു മെഡിക്കൽ – എൻജിനീയറിങ്ങ് കരിക്കുലം ആരംഭിക്കണമെന്നും അമിത് ഷാ പറഞ്ഞു. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ എഴുതുന്നതിനുള്ള അനുമതി 2023ലാണ് കേന്ദ്ര സർക്കാർ നൽകിയത്.

ഇംഗ്ലീഷ്, ഹിന്ദി ഭാഷയിൽ മാത്രമായിരുന്ന ഈ പരീക്ഷ പ്രദേശിക ഭാഷകളിലും എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് മോദി സർക്കാർ ഈ തീരുമാനം എടുത്തത്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഹിന്ദി നിർബന്ധമാക്കിയതിനെ വിമർശിച്ചുള്ള സ്റ്റാലിൻറെ പോസ്റ്റിനോട് പ്രതികരിച്ചാണ് അമിത് ഷായുടെ പരാമർശം.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്വന്തം സ്ഥാനം മറന്ന് തമിഴ്‌നാടിനെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് സ്റ്റാലിൻ ആരോപിച്ചത്. ഒരിക്കലും ജയിക്കാൻ കഴിയാത്ത ഒരു പോരാട്ടം ആരംഭിച്ചതിൻറെ അനന്തരഫലങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *