ടെക്‌സാസ്: അമെരിക്കയുടെ മുൻ ലോക് ഹെവി ബോക്‌സിങ് ചാമ്പ്യനും മെക്സിക്കോ ഒളിംപിക്സിൽ സ്വർണമെഡൽ ജേതാവുമായ ജോർജ് ഫോർമാൻ (76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്. എന്നാൽ മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. 1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1974 ൽ കോംഗോയിൽ മുഹമ്മദ് അലിയോടൊപ്പം നടന്ന വാശിയേറിയ ബോക്സിങ്ങ് മത്സരത്തിൻറെ പ്രരിൽ പ്രസിദ്ധനാണ് ഇദ്ദേഹം.
ഇതേ മാച്ച് തന്നെയായിരുന്നു ജോർജിൻറെ പ്രഫഷണൽ കരിയറിലെ ആദ്യതോൽവി. എന്നാൽ ബോക്‌സിങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. ‘റംബിൾ ഇൻ ദി ജംഗിൾ’ എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്. ഇതിന് മുമ്പ് ഫോർമാൻ രണ്ടുതവണ കിരീടം വിജയകരമായി നിലനിർത്തിയിരുന്നു.
തൻറെ 19-ാം വയസിൽ 1968-ൽ മെക്‌സിക്കോയിൽ നടന്ന ഒളിമ്പിക്‌സിലാണ് ആദ്യ സ്വർണം നേടുന്നത്. ബോക്‌സിങ് റിംഗിൽ “ബിഗ് ജോർജ്’ എന്നറിയപ്പെട്ട ഫോർമാൻ ഹെവിവെയ്റ്റ് കരിയറിലെ 81 മൽസരങ്ങളിൽ 76 എണ്ണത്തിലും ജയം നേടിയിട്ടുണ്ട്. 1997-ലായിരുന്നു ഫോർമാൻറെ അവസാന മത്സരം.