ഭുവനേശ്വർ: കഞ്ചാവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശോധനക്കിടെ പൊലീസ് പള്ളിയിൽ കയറി വൈദികനെ മർദിച്ചതായി പരാതി. ഒഡീഷയിലെ ബെർഹാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളിയിലായിരുന്നു സംഭവം. മലയാളിയായ ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്.
പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും പള്ളിയിലെ 40,000 രൂപ മോഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 22ന് ആയിരുന്നു സംഭവം. സമീപത്തുള്ള ഗ്രാമത്തിൽ കഞ്ചാവ് പരിശോധിക്കുന്നതിനായി എത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടികള മർദിച്ചെന്നും ഇത് ചോദ‍്യം ചെയ്തതിനാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്നും ഫാ. ജോഷി ജോർജ് പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റ സഹവികാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രൂപത നിയമ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.