തൊടുപുഴ: ബിജു വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു. കൊലപാതക ശേഷം പലരെയും ഫോണിൽ വിളിച്ച് ദൃശ്യം 4 നടപ്പാക്കിയെന്ന് ജോമോൻ പറഞ്ഞു. ജോമോൻറെ ഫോണിൽ നിന്നുമാണ് കോൾ റെക്കോഡ് പൊലീസിന് ലഭിച്ചത്. ജോമോൻ ഫോണിൽ വിളിച്ച എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും.
വിളിച്ചത് ജോമോൻ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ ഉൾപ്പെടെയുള്ള 4 പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തൊടുപുഴ കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം, ജോമോൻറെ ഭാര്യയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.
ബിജുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വിവരം ഭാര്യയ്ക്ക് അറിയാമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ഒരുങ്ങുന്നത്. ഒന്നാം പ്രതി ജോമോനും ബിജുവും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാർച്ച് 20 നാണ് കൊലപാതകം നടക്കുന്നത്. ബിജുവിൻറെ വീടിന് സമീപത്തുവച്ച് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.