കോന്നി: കോന്നി ആനക്കൂട് ഇക്കോ ടൂറിസം സെൻററിൽ കോൺക്രീറ്റ് വേലിക്കല്ല് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അടൂർ കടമ്പനാട് സ്വദേശികളായ അജി – ശാരി ദമ്പതികളുടെ മകൻ അഭിരാമിൻറെ വിയോഗത്തിൽ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഈ അപകടത്തിൻറെ പശ്ചാത്തലത്തിൽ കോന്നി ഇക്കൊ ടൂറിസം സെൻററിലെ ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെയും നാല് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയും അകാരണമായി സസ്പെൻഡ് ചെയ്തിരുന്നു. ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോ സുരക്ഷ ഓഡിറ്റോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം സെൻററിൽ ഉണ്ടായ യാദൃച്ഛിക സംഭവവുമായി ബന്ധപ്പെട്ട് താഴേത്തട്ടിലുള്ള ജീവനക്കാർക്കെതിരേ മാത്രമാണ് നടപടിയെടുത്തിരിക്കുന്നത്.
ഇതിനെതിരേ കെ.എഫ്.പി.എസ്.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിനു മുന്നിൽ വനപാലകർ പ്രതിഷേധ സംഗമം നടത്തി. പ്രഥമദൃഷ്ട്യാ യാതൊരു സുരക്ഷാ പ്രശ്നവും പ്രകടിപ്പിക്കാത്ത വേലിക്കല്ല് കാലപ്പഴക്കമോ, അടുത്ത ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയോ, മുൻകാല നിർമാണ വൈകല്യമോ കാരണമാകാം മറിഞ്ഞുവീണതെന്ന് അനുമാനിക്കുന്നു.
എന്നാൽ, ഭൗതിക സാഹചര്യങ്ങൾ പരിശോധിക്കാതെയും ജീവനക്കാരുടെ ഭാഗം കേൾക്കാതെയും ഒരു ഉന്നത അധികാരിയോ ജനപ്രതിനിധിയോ സംഭവസ്ഥലം പരിശോധിക്കാതെയുമാണ് ജീവനക്കാർക്കെതിരേ നടപടിയെടുത്തത്. ഇത് ഉത്തരവാദപ്പെട്ട ഉന്നതരുടെ പോരായ്മകൾ മറച്ചുവയ്ക്കാനാണ്.
ഉന്നതാധികാരികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ചേരിപ്പോരാണ് നിരപരാധികളായ ജീവനക്കാർക്കെതിരേ നടപടിയെടുക്കാൻ കാരണമായിട്ടുള്ളതെന്നും സംഘടന ആരോപിക്കുന്നു. കോന്നി ഇക്കൊ ടൂറിസത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്നതും ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നതുമായ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും യാതൊരു ശാസ്ത്രീയ സുരക്ഷാ ഓഡിറ്റിങ്ങും നടത്തിയിട്ടില്ല.
അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതു സംബന്ധിച്ച് ജീവനക്കാർ ഉന്നതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. ഇവിടത്തെ ജലാശയത്തിൽ കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചുണ്ടാകുന്ന ജലവിതാനത്തിൽ കുട്ടവഞ്ചി സവാരി നടത്തുന്നതു സംബന്ധിച്ച് ശാസ്ത്രീയ സുരക്ഷാ പഠനങ്ങൾ നടത്തിയിട്ടില്ല.
ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ട്രീ ടോപ്പ് ബാംബൂ ഹട്ട് അപകട ഭീഷണിയിലാണെന്നും സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. സുപ്രധാന വ്യക്തികൾ താമസിക്കുന്ന കോന്നി ഇൻസ്പെക്ഷൻ ബംഗ്ലാവും കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫിസും കാലപ്പഴക്കത്തിൻറെ അപകട ഭീഷണി നേരിടുന്നു. സുരക്ഷാ ഓഡിറ്റിനെ മറികടന്നാണ് ഇവയും നിലനിൽക്കുന്നു.
അതിനാൽ കോന്നി ഇക്കോ ടൂറിസം, അടവി കുട്ടവഞ്ചി സവാരി എന്നിവിടങ്ങൾ അടിയന്തരമായി ശാസ്ത്രീയ സുരക്ഷാ ഓഡിറ്റിങ് നടത്തുന്നതു വരെ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടു. വനം വകുപ്പിൻറെ ടൂറിസം പദ്ധതികളിൽ സുരക്ഷാ പരിശോധന വേണമെന്ന് വകുപ്പ് മന്ത്രിയുടെ പാർട്ടി സുരക്ഷാ ഓഡിറ്റിങ് നടത്തി ഉന്നതാധികാരികൾ സാക്ഷ്യപ്പെടുത്തി ഉത്തരവിറക്കിയതിനുശേഷം മാത്രം ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കുക, നിരപരാധികളായ വനപാലകർക്കെതിരേയുള്ള അച്ചടക്കനടപടി പിൻവലിച്ച് സർവീസിൽ പ്രവേശിപ്പിക്കുക, ഉദ്യോഗസ്ഥ രാഷ്ട്രീയ ചേരിപ്പോരുകൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ സംഗമം നടത്തിയത്.
യോഗം കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ. ദിൻഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻറ് ജിജോ ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ. ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം പി.എ. സന്തോഷ്, എസ്. അനുരാജ് എന്നിവർ സംസാരിച്ചു.