കോഴിക്കോട്: മെഡിക്കൽ കോളെജ് തീപിടിത്തത്തിനു പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, ഗംഗ, നസീറ എന്നിവരുടെ മരണത്തിലാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്.
അഞ്ച് പേരും പുക ശ്വസിച്ച് ശ്വാസം കിട്ടാതെ മരിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം. ഇതിന് പുറമേ അഞ്ച് പേരുടെയും പോസ്റ്റ് മോർട്ടം നടത്താനും തീരുമാനിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് വ്യക്തമാക്കാനാണ് പോസ്റ്റുമോർട്ടം നടത്തുന്നതെന്ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ മെഡിക്കൽ കോളെജിൽ തീപിടിത്തമുണ്ടായത്.
പിന്നാലെ അഞ്ച് പേർ മരിക്കുകയും ചെയ്തു. മെഡിക്കൽ കോളെജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നതായും പിന്നാലെ പൊട്ടിത്തെറിയുണ്ടായി തീപടരുകയായിരുന്നെന്നുമാണ് വിവരം. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.
ഈ സമയം 200 ലധികം രോഗികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഷോർട് സർക്യൂട്ടാണോ തന്നെയാണോ അപകടത്തിനു കാരണമെന്ന് പരിശോധിച്ച് സ്ഥിരീകരിക്കാനാണ് ശനിയാഴ്ചയും പരിശോധന നടത്തും.
മരണത്തിനു പിന്നാലെ അത്യാഹിത വിഭാഗം പൊലീസ് സീൽ ചെയ്തിരുന്നു. അപകടത്തിൻറെ പശ്ചാത്തലത്തിൽ ശനിയാഴ്ച 11 മണിക്ക് ഉന്നതതല യോഗം ചേരും. ഉച്ചയോടെ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളെജ് സന്ദർശിക്കും.