കൊച്ചി: പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസർകോട് മുതൽ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.