ഇടുക്കി: റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്ന നിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇടുക്കി ജില്ലയിലെ അഞ്ച് റോഡുകളുൾപ്പടെ കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
അടുത്ത അഞ്ചുവർഷത്തിൽ വരാൻ സാധ്യതയുള്ള പുതിയ കെട്ടിടങ്ങൾക്ക് കണക്ഷൻ നൽകാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് റോഡ് നിർമാണം പൂർത്തികരിച്ചതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ബി എം ബി സി നിലവാരത്തിലേക്ക് മുഴുവൻ റോഡുകളെയും ഉയർത്താനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ പെരിഞ്ചാംകുട്ടി – എഴുകുംവയല്‍ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തില്‍ അര്‍പ്പാമറ്റം – കരിമണ്ണൂര്‍ റോഡ്, കാരിക്കോട് – വെള്ളിയാമറ്റം – പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍-കൊക്കയാര്‍-35-ാം മൈല്‍ റോഡ്, 35-ാം മൈല്‍-തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. പീരുമേട് നിയോജകമണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ കൂട്ടിക്കല്‍ -കൊക്കയാര്‍ -35-ാം മൈല്‍ റോഡിന്റെയും 35-ാംമൈല്‍-തെക്കേമല റോഡുകളുടെയും ഫലകം അനാച്ഛാദനം വാഴൂര്‍ സോമന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കുര്യൻ സി ജോർജ് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്ക്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.റ്റി. ബിനു , പ്രിയാ മോഹനന്‍ , അന്‍സല്‍ന സക്കീര്‍ ,മേരിക്കുട്ടി ബിനോയി ,ഷാജി പുല്ലാട്ട് എന്നിവരും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ് രാജൻ,
തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ അര്‍പ്പാമറ്റം – കരിമണ്ണൂര്‍ റോഡിന്റെയും കാരിക്കോട് – വെള്ളിയാമറ്റം – പൂമാല റോഡിന്റെയും ശിലാഫലകം അനാച്ഛാദനം കലയന്താനി ജംങ്ക്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
യോഗത്തില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൻസി മാർട്ടിൻ തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പെരിഞ്ചാംകൂട്ടി-മാവടി- മഞ്ഞപ്പാറ – തൂവൽ – എഴുകുംവയല്‍ റോഡിന്റെ ഫലകം അനാച്ഛാദനം എം.എം മണി എംഎല്‍എ നിര്‍വഹിച്ചു.
എഴുകുംവയല്‍ ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ ഡി.ജയകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എന്‍ വിജയന്‍, സാബു മാത്യു മണിമലക്കുന്നേൽ, കെ.പി രാജൻ, വിൻസൻ്റ്, എഴുകുംവയൽ റൂറൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് സാബു മാലിയിൽ, പൊതുമരമാത്ത് വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മറിയാമ്മ ജോർജ് എന്നിവർ സംസാരിച്ചു.