Timely news thodupuzha

logo

കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഈ വർഷം ആദ്യ മൂന്നു മാസത്തിൽ സംസ്ഥാനത്ത് വിദേശസഞ്ചാരികളുടെ എണ്ണം ഏറ്റവുമധികം വർധിച്ച ജില്ല ഇടുക്കിയാണെന്നും ഇത് സർവകാല റെക്കോർഡാണെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെയും (മൈഗ്രേഷൻ മോണുമെൻസ് ടൂറിസം വില്ലേജ്) ഫോട്ടോ ഫ്രെയിമുകളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുന്ന ഘട്ടമാണിത്. കോവിഡിന് ശേഷം ഈ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. ഈ വർഷത്തെ ആദ്യ മൂന്നുമാസം മാത്രം 9,84,645 ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. കഴിഞ്ഞ വർഷം ഈ കാലയളവിനെക്കാളും 25 ശതമാനത്തിന്റെ വർധന. കോവിഡ് കാലത്തിന് ശേഷമുള്ള സമയം എടുത്താൽ 186.29 ശതമാനം അധികമാണിത്. വിദേശസഞ്ചാരികളുടെ കാര്യത്തിലും ഈ മുന്നേറ്റം കാണാം. ഈ വർഷമാദ്യത്തെ മൂന്നുമാസം 53,033 വിദേശസഞ്ചാരികളാണ് ഇടുക്കിയിൽ എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനത്തിലധികം വർദ്ധനയാണ് ഉണ്ടായത്. ഇടുക്കി എല്ലാ നിലയിലും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയുടെ കുടിയേറ്റത്തിന്റെ ചരിത്രം കേരളത്തിലെ സാമൂഹിക ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. കുടിയേറ്റ കർഷകർ വിയർപ്പൊഴുക്കി പരുവപ്പെടുത്തി എടുത്തതാണ് ഇന്നത്തെ ഇടുക്കി. അമരാവതി ഉൾപ്പെടെയുള്ള ഒട്ടനവധി പോരാട്ടങ്ങൾ ഇടുക്കിയുടെ സാമൂഹിക ചരിത്രത്തിൽ ഉയർന്നു നിൽക്കുന്നു. അത്തരത്തിൽ ഇടുക്കിയുടെ കുടിയേറ്റ കർഷകരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് മൈഗ്രേഷൻ മോണുമെൻസ് ടൂറിസം വില്ലേജ്.

ശിൽപ്പങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും സഹായത്തോടെ ഈ ചരിത്രം വിനോദസഞ്ചാരികൾക്ക് മുന്നിൽ അടയാളപ്പെടുത്തുകയാണ്. സഞ്ചാരികൾക്കൊപ്പം ചരിത്രാന്വേഷികൾക്കും പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിൽ സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കി. ആഭ്യന്തര സഞ്ചാരികൾക്ക് പുറമേ വിദേശസഞ്ചാരികളും വലിയ തോതിൽ ഇടുക്കിയിലെത്തുന്നു. ഈ സാഹചര്യത്തിൽ സഞ്ചാരികളെ വരവേൽക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. അതിനായി ഗ്ലാസ് ബ്രിഡ്ജ് പോലുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കി. ഇക്കോ ലോഡ്ജ് നടപ്പിലായി. കൂടാതെ വിശാലമായ യാത്രിനിവാസ് കൂടി സാധ്യമാകുന്നു. ഗസ്റ്റ് ഹൗസുകൾ നവീകരിച്ചു. പുതിയ കെട്ടിടങ്ങൾ ഉണ്ടായി. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം എമെർജിങ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇടുക്കിക്ക് വലിയ പരിഗണന സംസ്ഥാന സർക്കാർ നൽകിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ സാഹസിക ടൂറിസത്തിന്റെ ഹബ്ബ് ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ജല സാഹസിക ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വകുപ്പ് നടപടികൾ സ്വീകരിച്ചു വരുന്നു. ഭാവിയിൽ ഉണ്ടാകാനിടയുള്ള ടൂറിസം സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കാൻ പ്രാദേശിക ടൂറിസം ഡെസ്റ്റിനേഷൻ വളർത്തിക്കൊണ്ടു വരുന്നതിന് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി ആരംഭിച്ചത് സർക്കാരിന്റെ മറ്റൊരു നേട്ടമാണ്. 40 പദ്ധതികൾക്ക് ഇതുവരെ അനുമതി നൽകിയിട്ടുണ്ട്.

ലോകവ്യാപകമായി വികസിച്ചുവരുന്ന ഡെസ്റ്റിനേഷൻ വെഡിങ്ങിന് കേരളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മേഖലയിൽ വലിയ കുതിപ്പാണ് കേരളം നേടിയിട്ടുള്ളത്. ടൂറിസം, പൊതുമരാമത്ത് വികസന മേഖലയിൽ ഇന്ത്യയിൽ ആദ്യമായി ഒരു ഡിസൈൻ പോളിസിക്ക് രൂപം നൽകി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

നമ്മുടെ നാടിന്റെ ചരിത്രം പുതു തലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് കുടിയേറ്റ സ്മാരകം നിർമ്മിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണി മുതൽ ഇടുക്കി വരെ ഒരു ടൗൺഷിപ്പിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫുഡ് പാർക്ക്, നാല് ഏക്കറിൽ സാംസ്‌കാരിക മ്യൂസിയം, രണ്ട് ഏക്കറിൽ മൾട്ടി പ്ലസ് തിയേറ്റർ, 25 ഏക്കറിൽ ഇറിഗേഷൻ മ്യൂസിയം എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ വരുന്നതോടെ ഇടുക്കി ടൂറിസം രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനും ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി. വി വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി. സത്യൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, പ്രഭാ തങ്കച്ചൻ, നിമ്മി ജയൻ, ഏലിയാമ്മ ജോയ്, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, ടൂറിസം വകുപ്പ് ഡി.ഡി ഷൈൻ കെ. എസ്, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളായ അനിൽ കൂവപ്ലാക്കൽ, എം. കെ പ്രിയൻ, ജോസ് കുഴികണ്ടം, സി. എം അസിസ്, ഔസേപ്പച്ചൻ ഇടക്കുളത്തിൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *