ന‍്യൂഡൽഹി: പാക്കിസ്ഥാൻ നടത്തിവരുന്ന ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ‍്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിൽ കേന്ദ്ര സർക്കാർ ശശി തരൂർ എംപിയുടെ പേര് ഉൾപ്പെടുത്തിയത് കോൺഗ്രസ് നിർദേശിച്ചിട്ടല്ലെന്ന് ഔദ‍്യോഗിക സ്ഥിരീകരണം. ഇതു സംബന്ധിച്ച് അഭ‍്യൂഹങ്ങൾ നിലനിൽക്കെ കോൺഗ്രസ് നൽകിയ ലിസ്റ്റ് ജയ്റാം രമേശ് പുറത്തുവിട്ടു.
ഇതോടെയാണ് ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമായത്. ആനന്ദ് ശർമ, ഗൗരവ് ഗൊഗോയ്, ഡോ. സയീദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയ ലിസ്റ്റിലുള്ളത്. കോൺഗ്രസ് നൽകിയ ലിസ്റ്റ് തള്ളിയാണ് കേന്ദ്രം തരൂരിനെ സംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. മേയ് 22 മുതലാണ് 30 അംഗ പ്രതിനിധികൾ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്.
പഹൽഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള ഇന്ത‍്യയുടെ നിർണായക ദിവസങ്ങൾ ലോകരാജ‍്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കുന്നതിനാണ് കേന്ദ്ര സർക്കാർ സംഘങ്ങളെ അയയ്ക്കുന്നത്. യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായിരിക്കും പര‍്യടനം. ഇതിൽ യുഎസ് – യൂറോപ്പ് സന്ദർശനത്തിനുള്ള സംഘത്തിൻറെ തലവനായാണ് ശശി തരൂരിനെ കേന്ദ്ര സർക്കാർ നിയോഗിച്ചിരിക്കുന്നത്.