മുംബൈ: മുംബൈ വിമാനത്താവളത്തിൽ 5.10 കോടി രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പിടി കൂടിയത്.
അറസ്റ്റിലായ രണ്ട് പേരും വിമാനത്താവളത്തിലെ ലോഞ്ചിൽ ജോലി ചെയ്യുന്നവരാണ്. യാത്രക്കാരിൽനിന്ന് ഇവർ സ്വർണം കൈപ്പറ്റി വിമാനത്താവളത്തിൽനിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാകുന്നത്.
രണ്ട് പേരിൽ നിന്നും സ്വർണപ്പൊടി മെഴുകുമായി കൂട്ടിക്കലർത്തി പ്ലാസ്റ്റിക് കവറുകളിലാക്കിയ അവസ്ഥയിലാണ് കണ്ടെത്തിയത്. വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഒരാളിൽനിന്നും 2.48 കോടി വില വരുന്ന 2800 ഗ്രാം സ്വർണവും മറ്റെ ആളിൽനിന്നും 2.62 കോടി വില വരുന്ന 2,950 ഗ്രാം സ്വർണവുമായി പിടികൂടിയത്.