മുംബൈ: രണ്ടര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊല്ലാൻ കൂട്ടു നിന്ന മാതാവും 19 വയസുള്ള കാമുകനും അറസ്റ്റിൽ. മുംബൈയിലെ മലാഡിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ പെറ്റമ്മ തൻറെ മകളെ കൊല്ലാൻ കാമുകനൊപ്പം ചേർന്നത്. ഗർഭിണിയായിരിക്കെ ഭർത്താവ് ഉപേക്ഷിച്ച് പോയ 30 വയസ്സുള്ള സ്ത്രീ കുട്ടിയെ പ്രസവിച്ചതിന് ശേഷം 19 കാരനുമായി അടുത്തു.
കഴിഞ്ഞ കുറച്ചുനാളുകളായി ഒന്നിച്ചായിരുന്ന ഇരുവർക്കു കുട്ടി ശല്യമായി തോന്നിയതോടെ കൊലപ്പെടുത്തുകയായിരുന്നു. കാമുകൻറെ ആഗ്രഹപ്രകാരമാണ് രണ്ടര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചതെന്നാണ് യുവതി പൊലിസിന് നൽകിയ മൊഴി. പീഡിപ്പിച്ചതിന് ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
അപസ്മാരം വന്ന് മരിച്ചെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു.