കോട്ടയം: ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ കൊടിയേറ്റിയത്.
10 ഉത്സവ ദിനങ്ങളിലും വിവിധ കലാപരിപാടികൾ അരങ്ങേറും. രണ്ടാം ഉത്സവം മുതൽ പ്രധാന വഴിപാടായി ഉത്സവബലി ദർശനം ആരംഭിക്കും. ഒൻപതാം ഉത്സവമായ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്ക് ഈ ചടങ്ങ് നടത്തും. ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും എട്ടാം ഉത്സവദിനമായ 28നാണ്.
മാർച്ച് രണ്ടിന് ആറാട്ടോടുകൂടി കൊടിയിറക്കും. മുല്ലയ്ക്കൽ ബാലകൃഷ്ണൻ, ഗുരുവായൂർ നന്ദൻ, പല്ലാട്ട് ബ്രഹ്മദത്തൻ, ഗുരുവായൂർ ചെന്താമരാക്ഷൻ, ഗുരുവായൂർ ഗോപി കണ്ണൻ, ചിറക്കാട്ട് അയ്യപ്പൻ, ചെമ്മാരപ്പള്ളി മാണിക്യം വായ്പൂര്, മുണ്ടയ്ക്കൽ ശിവനന്ദൻ, കോഴിപ്പറമ്പിൽ അയ്യപ്പൻ, ചൈത്രം അച്ചു (ആറാട്ട് ദിവസം) എന്നീ 10 ഗജവീരന്മാരെയാണ് ഉത്സവത്തിന് എഴുന്നള്ളിക്കുന്നത്.