കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞു. ആലപ്പുഴയിലും കൊല്ലം തീരദേശങ്ങളിലുമായി തിങ്കളാഴ്ച പുലർച്ചയോടെ കണ്ടെയ്നറുകൾ അടിഞ്ഞത്. ഇതോടെ ആകേ 9 കണ്ടെയ്നറുകളാണ് തീരത്തേക്ക് എത്തിയത്. 2 കണ്ടെയ്നറുകളാണ് ആലപ്പുഴ തറയിൽക്കടവ് ഭാഗത്ത് തീരത്തടിഞ്ഞത്. ഇവ പരസ്പരം കൂട്ടി ഘടിപ്പിച്ച നിലയിലാണ്.
കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. ആലപ്പുഴയിലെ തീരദേശത്ത് കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും കരക്കടിഞ്ഞിട്ടുണ്ട്. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. ഇനിയും കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. 7 കണ്ടെയ്നറുകൾ കൊല്ലം ചെറിയഴീക്കൽ, ചവറയിലെ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് തീരത്തെത്തിയത്.
ഇതിൽ പരിമണത്തെ 2 കണ്ടെയ്നറുകൾ ഇപ്പോഴും കടലിൽ ഒഴുകി നടക്കുകയാണ്. മത്സ്യത്തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിദഗ്ധസംഘവും കസ്റ്റംസും അടക്കം ഇവിടങ്ങളിൽ പരിശോധനയ്ക്കായി ഉടനെത്തും. പ്രദേശവാസികൾക്കും അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
കണ്ടെയ്നറുകൾ കണ്ടാൽ അറിയിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പരിശോധനയ്ക്കുശേഷമായിരിക്കും കണ്ടെയ്നറുകളിലെ വസ്തുക്കളുടെ കാര്യത്തിലടക്കമുള്ള വിവരങ്ങൾ ലഭിക്കുക. കണ്ടെയ്നറുകളിൽ ചിലതിൻറെ ഡോർ തുറന്ന നിലയിലാണ്.
കണ്ടെയ്നറുകളുടെ അടുത്തേക്ക് യാതൊരു കാരണവശാലും പോകരുതെന്നും തൊടാൻ ശ്രമിക്കരുതെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി ആവർത്തിച്ചു. എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം. അതിനാൽ കേരള തീരം പൂർണമായും ജാഗ്രത നേർദേശം നൽകിയിട്ടുണ്ട്.