കളമശേരി: അപ്പോളോ ജംഗ്ഷന് സമീപത്തെ മേൽപ്പാലത്തിൽ കാർ തലകീഴായ് മറിഞ്ഞു അപകടം. തിങ്കളാഴ്ച പുലർച്ചെ 5:15 ഓടുകൂടിയാണ് അപകടം നടന്നത്.
അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. ഒരാൾ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിൽ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ കാറിൽ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ കാറിൻറെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൻറെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. കളമശേരിയിൽ നിന്നും ആലുവ ഭാഗത്തേക്ക് പോകുമ്പോൾ പാലം കയറുന്ന ഭാഗത്തുള്ള വെള്ളക്കെട്ട് ഇതിനുമുമ്പും അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഇരുചക്ര വാഹന യാത്ര ഉൾപ്പെടെ വളരെ ഭീതിയോടെയാണ് ഇതിലൂടെ കടന്നുപോകുന്നത്. ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.