തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. വെള്ളി, ശനി (May 30,31) ദിവസങ്ങളിൽ അതിതീവ്രമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേ പോലെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.
ഇതേ തുടർന്ന് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട്(അതിതീവ്രമായ മഴ): 30/05/2025: ഇടുക്കി, കണ്ണൂർ, കാസർഗോഡ്. ഓറഞ്ച് അലർട്ട്(അതിശക്തമായ മഴ): 30/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
അതേസമയം, കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 8.30 വരെ 3.2 മുതൽ 3.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) തീരപ്രദേശങ്ങളിൽ 30/05/2025 വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.