കൊച്ചി: മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. ഉണ്ണി മുകുന്ദൻറെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി. എന്നാൽ, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും, ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണെന്നുമാണ് വിപിൻ പ്രതികരിച്ചത്. തന്നെ കൈയേറ്റം ചെയ്തതാണ് വിഷമിപ്പിച്ചതെന്ന് വിപിൻ കൂട്ടിച്ചേർത്തു.
നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേർത്തു. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിൻറെ പരാതി. ഉണ്ണി മുകുന്ദനെതിരേ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താനുളള സാധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.