ഇടുക്കി: പീരുമേട്ടിൽ വനത്തിൽവച്ച് മരിച്ച ആദിവാസി സ്ത്രീ സീതയുടെ മരണം കൊലപാതകം. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് നിർണായക കണ്ടെത്തൽ. തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത(42) ആണ് മരിച്ചത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഇയാളെ പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സീതയെ കാട്ടാന ആക്രമിച്ചതിൻറെ യാതൊരു ലക്ഷണവുമില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചു. എന്നാൽ മുഖത്തും കഴുത്തിലും മൽപ്പിടുത്തം നടന്ന പാടുകൾ കണ്ടെത്തി. തലയിലെ ഇരുവശത്തുമുള്ള മാരക പരിക്കുകൾ മരം പോലുള്ള പ്രതലത്തിൽ ഇടിപ്പിച്ചതിനെ തുടർന്ന് ഉണ്ടായതാണ്. തലയുടെ പാറയുടെ പിൻഭാഗത്തെ മുറിവ് പാറയിൽ തലയിടിച്ച് ഉണ്ടായതാണെന്നുമാണ് നിഗമനം.
വലതുവശത്തെ ഏഴ് വാരിയെല്ലുകളും ഇടതുവശത്തെ ആറ് വാരിയെല്ലുകളും തകർന്നു. മൂന്ന് വാരിയെല്ലുകൾ ശ്വാസകോശത്തിൽ തറഞ്ഞുകയറിയെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.