കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്നും തൻറെ ഭർത്താവിനോടല്ലാതെ മറ്റൊരാളോടും മുസ്ലീം സ്ത്രീകൾ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമർശിച്ചു. തീവ്രവാദ പ്രവർത്തനത്തിൻറെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണിത്.
ആത്മഹത്യയെന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണ്. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിൻറെ മുന്നിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി.
നിയമം കൈയിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. ഏത് സംഘടനയായാലും, ഇതിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ല. സംഭവത്തിന് പിന്നിലുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും ശ്രീമതി കൂട്ടിച്ചേർത്തു.