Timely news thodupuzha

logo

ആക്സിയം 4 ബഹിരാകാശ ദൗത്യം ആറാം തവണയും മാറ്റിവച്ചു

ഫ്ളോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം 4 ബഹിരാകാശ ദൗത്യം തുടർച്ച‍യായി ആറാം തവണയും മാറ്റിവച്ചു.

ജൂൺ 22ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. എന്നാൽ പുതിയ തീയതി നാസാ പ്രഖ്യാപിച്ചിട്ടില്ല. ആക്‌സിയം മിഷൻ-4 വിക്ഷേപണ സാധ്യതകൾ പരിശോധിച്ച് വരികയാണെന്ന് നാസാ അറിയിച്ചു.

പുതിയ വിക്ഷേപണ തീയതി പിന്നീട് നിശ്ചയിക്കും. ദൗത്യ സംഘത്തെ സ്വീകരിക്കാൻ നിലയം തയാറാണെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. അടുത്തിടെ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ശേഷം, ബഹിരാകാശ നിലയത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ്.

ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും നാസാ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അമെരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ് – സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെ നാസാ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്‌സിയം 4.

ബഹിരാകാശരംഗത്തെ ഇന്ത്യ-നാസ സഹകരണത്തിൻറെ ഭാഗമായാണു 39കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിൽ ബഹിരാകാശയാത്രയ്ക്ക് കാത്തിരിക്കുന്നത്. ശുഭാംശു ശുക്ലയ്ക്കു പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. ഫാൽക്കൺ 9 ലെ സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകമാണ് ഈ ദൗത്യത്തിന് ഉപയോഗിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *