Timely news thodupuzha

logo

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ കേസിൽ ആൺസുഹൃത്ത് പോലീസ് സ്റ്റേഷനിൽ

കണ്ണൂർ: കൂത്തുപറമ്പിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. റസീനയുടെ സുഹൃത്തായ റഹീസാണ് പിണറായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

കേസിൽ ഇയാളുടെ മൊഴി നിർണായകമാണ്. ഇയാളുടെ വിശദമായ മൊഴിയെടുക്കും. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരായി പരാമർശിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് എസ്ഡിപിഐ ഓഫീസിൽ സംഭവിച്ചതുൾപ്പെടെയുളള കാര്യങ്ങളിൽ വ്യക്തത വരാൻ ഇയാളുടെ മൊഴി സഹായിച്ചേക്കുമെന്നാണ് പൊലീസിൻറെ അനുമാനം. സദാചാര ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

റസീന മൻസിലിൽ റസീനയെയാണ്(40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി മുബഷീർ(28), കണിയാൻറെ വളപ്പിൽ കെ.എ ഫൈസൽ(34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ റഫ്നാസ്(24) എന്നിവരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *