ഇടുക്കി: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി മാർച്ച് 20-ന് പ്രവാസി ലോൺമേള സംഘടിപ്പിക്കുന്നു. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജെക്ട് ഫോർ റീട്ടെൻഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് ലോൺ മേള. ഇടുക്കി ചെറുതോണി കേരളാ ബാങ്ക് സി.പി.സി കോൺഫ്രൻസ് ഹാളിലാണ് മേള നടക്കുന്നത്. പങ്കെടുക്കാൻ താൽപര്യമുളള പ്രവാസിസംരംഭകർക്ക് നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴിയോ എൻ.ഡി.പി.ആർ.ഇ.എം സെക്ഷൻ വാട്ട്സാപ്പ് നമ്പർ-7736917333 മുഖേനയോ രജസ്ട്രർ ചെയ്യാവുന്നതാണ്.
രണ്ട് വർഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ മടങ്ങിയെത്തിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തുവെന്ന് തെളിയിക്കുന്ന പാസ്സ്പോർട്ട് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ തുടങ്ങിയവ ഉൾപ്പെടെ പങ്കെടുക്കാവുന്നതാണ്.
പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി വഴി അപേക്ഷിക്കാൻ അർഹതയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.