Timely news thodupuzha

logo

‘ചെറുകിടസംരംഭകർക്കും അവരുടെ വ്യവസായങ്ങൾക്കും പ്രോത്സാഹനം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം’; മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ചെറുകിട സംരംഭകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അവരുടെ വ്യവസായങ്ങൾക്ക് ആവശ്യമായ ഉത്തേജനം നൽകാനും സംസ്ഥാനസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകരുടെ നൂതനാശയങ്ങളും നിക്ഷേപസാധ്യതകളും ചർച്ചചെയ്യുന്നതിനും സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും നേടേണ്ട ലൈസൻസുകളെയും മറ്റും സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമാണ് ജില്ലാതല നിക്ഷേപകസംഗമം സംഘടിപ്പിച്ചത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി. ജയ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

‘നിക്ഷേപകസംഗമത്തിലെ ‘എന്റെ സംരംഭം നാടിന്റെ അഭിമാനമെന്ന’ സന്ദേശം ശ്രദ്ധേയമാണ്. കേരളത്തിലെ വ്യാവസായികമേഖലയിൽ ഏറ്റവും ഗുണപരമായ മാറ്റം സംഭവിച്ചിരിക്കുന്നു. സംരംഭകരെ രൂപപ്പെടുത്തുന്നതിനൊപ്പം അവർ ആരംഭിച്ച സംരംഭങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും സർക്കാർ മുന്നിലുണ്ട്. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. സംരംഭങ്ങളെ കാർഷികമേഖലയുമായി കുറേക്കൂടി ബന്ധിപ്പിച്ചുകൊണ്ടുപോകാൻ കഴിയണം. വ്യവസായസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞു. നിർത്തലാക്കപ്പെട്ട പല സംരംഭങ്ങളും ഏറ്റെടുത്ത് മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് സർക്കാർ തെളിയിച്ചുവെന്നും’ അദ്ദേഹം വ്യക്തമാക്കി. കട്ടപ്പന നഗരസഭാംഗം ജാൻസി ബേബി, ഇടുക്കി എൽ.ഡി.എം രാജഗോപാലൻ.ജി, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ബേബി ജോർജ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ടി. എസ്.മായാദേവി, ഉടുമ്പൻചോല ഉപജില്ലാ വ്യവസായ ഓഫീസർ വിശാഖ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *