Timely news thodupuzha

logo

ഖലിസ്ഥാൻ നേതാവായ അമൃത്പാലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനാണു നീക്കമെന്ന് അഡ്വക്കെറ്റ് ഇമാൻ സിങ് ഖാര

അമൃത്സർ: അമൃത്പാൽ സിങ്ങിനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും, അദ്ദേഹത്തെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താനാണു നീക്കമെന്നും അമൃത്പാലിൻറെ നിയമോപദേശകനായ അഡ്വക്കെറ്റ് ഇമാൻ സിങ് ഖാര. ഖലിസ്ഥാൻ നേതാവായ അമൃത്പാലിൻറെ ജീവൻ അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം അറസ്റ്റ് സംബന്ധിച്ചു പഞ്ചാബ് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമൃത്പാലിനെ പിടികൂടുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണു പൊലീസ് വ്യക്തമാക്കുന്നത്.

ജലന്ധറിലെ ഷാക്കോട്ട് പ്രദേശത്തു നിന്നും അമൃത്പാലിനെ പിടികൂടി എന്നാണ് അഭിഭാഷകൻ ഉന്നയിക്കുന്ന വാദം. ഖലിസ്ഥാൻ അനുകൂലികളും വാരിസ് പഞ്ചാബ് ദേ പ്രവർത്തകരുമായ നിരവധി പേരെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പഞ്ചാബിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ പഴുതടച്ചുള്ള പരിശോധനയും തുടരുന്നു. അമൃത്പാലിൻറെ വീടിനും കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. വ്യാജ വാർത്തകൾ പ്രചരിക്കുന്നതു തടയാനായി ഇൻറർനെറ്റ്, എസ്എംഎസ് എന്നിവയ്ക്കും നിരോധനമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *