ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തി വിലസുന്ന അരിക്കൊമ്പനെ പിടികൂടാൻ തയ്യാറായി അധികൃതർ. ഇതിൻറെ ഭാഗമായി വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചു. അരിക്കൊമ്പൻറെ അരിക്കൊതി തന്നെ ആയുധമാക്കാനാണ് അധികൃതർ ഒരുങ്ങുന്നത്.
ഇതിനായി ഒരു ഡമ്മി റേഷൻ കട ഉണ്ടാക്കും തുടർന്ന് അവിടെ അരി സൂക്ഷിക്കാനും കഞ്ഞിവെയ്ക്കുകയുമടക്കം ചെയ്ത് ആനയെ ആകർഷിക്കാനാണ് ദൗത്യ സംഘത്തിൻറെ പ്ലാൻ. ചിന്നക്കനാൽ സിമൻറ് പാലത്തിന് സമീപം റേഷൻ കടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി ആനയെ അവിടേക്ക് ആകർഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനംവകുപ്പിൻറെ പദ്ധതി. ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പടെ, ആൾത്താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കും. അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടിവച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം.