കോഴിക്കോട്: നാദാപുരത്ത് വനിതാ സുഹൃത്തിന്‍റെ വീട്ടിലെത്തിയ യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് മർദ്ദനമേറ്റത്. പത്തോളം പേർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തട്ടാറത്ത് പള്ളിക്കു സമീപമാണ് സംഭവം. യുവതിയുടെ വീട്ടിൽ സുഹൃത്തെത്തിട്ടുണ്ടെന്ന് ആരോ ഫോണിൽ വിളിച്ചറിയിച്ചതിനു പിന്നാലെയാണ് ആക്രമികൾ സ്ഥലത്തെത്തിയത്. മർദ്ദനത്തിൽ യുവാവിന്‍റെ കൈകാലുകൾ ഒടിക്കുകയും, തലയ്ക്ക് ആഴത്തിൽ പരുക്കേൽപ്പിക്കുകയും ചെയ്തു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് പ്രതികൾ ആക്രമിച്ചതെന്ന് യുവാവ് മൊഴി നൽകി. യുവതിയും മക്കളും നോക്കിനിൽക്കെയായിരുന്നു മർദ്ദനം. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.