തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദത്തിൽ. ലോകായുക്തയോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കേസിലെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ പറഞ്ഞു.
ഇവരുടെ പേരുകൾ സർക്കാർ പുറത്തിറക്കിയ വിരുന്നിനെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ ഉണ്ടായിരുന്നില്ല. ലോകായുക്തയെ ചാനലുകൾക്ക് പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ഒഴിവാക്കിയിരുന്നു. കൂടുതൽ വിവാദങ്ങൾക്ക് ഇത് വഴിവച്ചു. അതേസമയം അനാവശ്യ വിവാദമാണിതെന്നും മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
അടുത്തിടെ ലോകായുക്ത, കേസ് പരിഗണിച്ചപ്പോൾ രണ്ടംഗ ബെഞ്ചിനു ഭിന്നാഭിപ്രായമുള്ളതിനാൽ വിധി ഫുൾ ബെഞ്ചിനു വിടാൻ തീരുമാനമെടുത്തിരുന്നു. കേസ്, ഈ മാസം 12ന് ഫുൾ ബെഞ്ച് പരിഗണിക്കും. നേരത്തെ വാദം പൂർത്തിയായ കേസാണെങ്കിലും വിധി പറയുന്നത് ഒരു വർഷത്തോളം നീണ്ടിരുന്നു.
ലോകായുക്ത, കേസ് എടുത്തത് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വകമാറ്റി ചെലവഴിച്ച സംഭവങ്ങളിലാണ്. എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവിനും, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചതിനും എതിരെയായിരുന്നു.