കൽപ്പറ്റ: നാൽപ്പത്തിയേഴ് ആദിവാസി കുടുംബങ്ങൾക്കുകൂടി സുരക്ഷിത ഭവനം. ഭൂരഹിത കുടുംബങ്ങൾക്കായി പട്ടികവർഗ വികസന വകുപ്പിന്റെ ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 47 വീടുകൾ ചൊവ്വാഴ്‌ച മന്ത്രി കെ.രാധാകൃഷ്ണൻ ഗുണഭോക്താക്കൾക്ക് ഇന്ന് കൈമാറും.
തരുവണ പൊരുന്നന്നൂർ വില്ലേജിലെ പാലിയണയിൽ നിർമിച്ച 38 വീടുകളും മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി നിട്ടമാനിയിൽ പണിപൂർത്തിയാക്കിയ ഒമ്പത് വീടുകളുമാണ് കൈമാറുന്നത്. വർഷാവർഷം വെള്ളപ്പൊക്കത്തിൽ ദുരിതംപേറുന്ന കൂവണകുന്നിലെ 14 കുടുംബങ്ങളെ ഉൾപ്പെടെയാണ് പാലിയാണയിൽ പുനരധിവസിപ്പിക്കുന്നത്. ലാൻഡ് ബാങ്ക് പദ്ധതിയിൽ സർക്കാർ സ്ഥലം വിലയ്‌ക്കുവാങ്ങിയാണ് ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമിച്ചത്.
പാലിയാണയിൽ 4.57 ഏക്കറിലും നിട്ടമാനിയിൽ 1.2 ഏക്കറിലുമാണ് വീടുകൾ നിർമിച്ചത്. ഓരോ കുടുംബത്തിനും വീടും 10 സെന്റ് സ്ഥലവും വീതമാണ് നൽകുന്നത്. വീടൊന്നിന് ആറ് ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ജില്ലാ നിർമിതി കേന്ദ്രയാണ് വീടുകൾ നിർമിച്ചത്. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, കക്കൂസ് എന്നിവയുൾപ്പെടുന്ന ടൈൽ വിരിച്ച മനോഹര ഭവനങ്ങളാണെല്ലാം. വായുവും വെളിച്ചവും ആവശ്യത്തിന് ലഭിക്കുംവിധമാണ് നിർമിതി. വീടുകൾക്കെല്ലാം വൈദ്യുതി കണക്‌ഷൻ നൽകി. കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ ഭാഗമായി കൂടിയാണ് ആദിവാസി കുടുംബങ്ങൾക്ക് വീടുകൾ കൈമാറുന്നത്. പകൽ 11നാണ് പാലിയാണയിലെ വീടുകളുടെ താക്കോൽദാനം. രണ്ടിന് നിട്ടമാനയിലെ വീടുകൾ കൈമാറും. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷനാകും.