Timely news thodupuzha

logo

ഗാര്‍ഹികപീഡന പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷന്‍

കല്പ്പറ്റ: വയനാട് മേപ്പാടിയില്‍ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം അപലപനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കേസിന്റെ അന്വേഷണം സംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായി. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും പോലീസിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നായയുടെ കടിയേറ്റ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ്.പണിക്കറെ ഫോണ്‍ വഴി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ആരായുകയും കേരള വനിതാ കമ്മിഷന്റെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

കേസിന്റെ അന്വേഷണം സംബന്ധിച്ച് വയനാട് ജില്ലാ പൊലീസ് മേധാവിയോട് ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട് .വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്ക് ഗാര്‍ഹിക പീഡനം പരാതി സംബന്ധിച്ച അന്വേഷണ സമയത്ത് അവര്‍ ആവശ്യപ്പെടുന്ന പക്ഷം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം സ്ത്രീകള്‍ക്ക് സംരക്ഷണം ലഭ്യമാക്കുക എന്ന ഉത്തരവാദിത്വമാണ് ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ ഏറ്റെടുക്കുന്നത്.

ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു കാലത്ത് തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ വളരെയേറെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ നേരിടേണ്ടിവരുന്നത് സങ്കടകരമാണ്. മേപ്പാടിയില്‍ ഉണ്ടായിട്ടുള്ള ഈ സംഭവത്തില്‍ ഇന്ന് പോലീസ് അറസ്റ്റുചെയ്ത ജോസിനെതിരായി ഭാര്യ നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തുന്നതിനായിട്ടാണ് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീമതി മായ പണിക്കര്‍ നേരിട്ടെത്തിയത്.

ഇത്തരത്തില്‍ ഇവര്‍ അന്വേഷിക്കാനെത്തിയ ഗാര്‍ഹികപീഡന പരാതിയും കാര്യക്ഷമമായി അന്വേഷിക്കേണ്ടതായുണ്ട്. മാനുഷിക പരിഗണന പോലും മാനിക്കാതെ ഇത്തരത്തില്‍ മൃഗീയമായി പെരുമാറിയ പ്രതി ജോസിനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി ഉടനെ തന്നെ അറസ്റ്റ് ചെയ്ത കേരള പോലീസിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 326,346,330,353 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ടെന്നും അധ്യക്ഷ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *