Timely news thodupuzha

logo

ആഭ്യന്തര കലാപം; വെടിനിർത്തൽ പ്രഖ്യാപിച്ച് സുഡാൻ

ന്യൂഡൽഹി: സുഡാനിൽ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. നേരത്തെ തന്നെ അർധ സൈനിക വിഭാഗം വെടിനിർത്തലിനു തയാറാണെന്നു വ്യക്തമാക്കിയിരുന്നു. പിന്നീട് സുഡാൻ സൈന്യവും വെടിനിർത്തൽ അംഗീകരിക്കുകയായിരുന്നു. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് ഈ തീരുമാനം. വെള്ളിയാഴ്ച രാവിലെ മുതൽ 72 മണിക്കൂർ നേരത്തേക്കാണു വെടിനിർത്തൽ. കഴിഞ്ഞ ആറു ദിവസത്തോളമായി തുടരുന്ന ആഭ്യന്തരകലാപത്തിൽ നാനൂറിലേറെ പേരാണു സുഡാനിൽ കൊല്ലപ്പെട്ടത്. മൂവായിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനത്തിന് ഒരുക്കങ്ങൾ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. ഉന്നതതലയോഗത്തിലാണു തീരുമാനം. സുഡാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായി സഹകരിച്ചുളള രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിച്ചു. അയൽരാജ്യങ്ങളുമായി നിരന്തര സമ്പർക്കം പുലർത്താനും നിർദ്ദേശമുണ്ട്. സുഡാനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

കലാപം രൂക്ഷമായ സാഹചര്യത്തിൽ സുഡാനിലെ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളങ്ങൾ തുറന്നു കൊടുക്കാനുള്ള സന്നദ്ധത സുഡാനിലെ അർധ സൈനിക വിഭാഗം അറിയിച്ചിട്ടുണ്ട്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെങ്കിലും അങ്ങിങ്ങായി അക്രമണങ്ങൾ തുടരുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. തലസ്ഥാന നഗരമായ ഖാർത്തൂമിലാണു പോരാട്ടം രൂക്ഷമായിരിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *