പാലക്കാട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാകുന്നു. പാലക്കാട് അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ രങ്കനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് കശുമാങ്ങ ശേഖരിക്കാനായി പുറത്തുപോയ രങ്കൻ വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പരിശോധനയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതാണെന്ന് സ്ഥിതീകരിച്ചു. ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട് തകർന്നു. 301 കോളനിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശ വാസിയായ ലീല ചന്ദ്രന്റെ വീടിന്റെ വീടിന്റെ വാതിലും വീടിനോട് ചേർന്നുള്ള ഷെഡുമാണ് തകർത്തത്. സംഭവ സമയം ലീല വീട്ടിൽ ഉണ്ടായിരുന്നില്ല. ചക്കക്കൊമ്പനാണ് വീടു തകർത്തതെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.