മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാത്രിയാണ് വ്യത്യസ്‌ത കേസുകളിലായി രണ്ടുപേർ പിടിയിലായത്.
ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദമാമിൽനിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീൻ (35), സ്‌പൈസ് ജെറ്റ് എയർലൈൻസിൽ ജിദ്ദയിൽനിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്‌ദുൽ അസീസ് (30) എന്നിവരാണ് പിടിയിലായത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷംസുദീനിൽ നിന്നും 1070 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളും അബ്‌ദുൽ അസീസിൽ നിന്നും 1213 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്.
സ്വർണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം അറസ്റ്റും തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം അബ്‌ദുൽ അസീസിന് 80000 രൂപയും ഷംസുദീനു 40000 രൂപയുമാണ് ടിക്കറ്റിനു പുറമെ വാഗ്‌ദാനം ചെയ്‌തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.