തൊടുപുഴ: മദ്യപിക്കാത്ത ഇരുചക്ര വാഹനയാത്രക്കാരനായ യുവാവിനെ മദ്യപിച്ചെന്ന് പേരിൽ പോലീസ് നടപടിയെടുക്കാൻ ശ്രമിച്ചത് വിവാദമായി. വൈദ്യ പരിശോധന നടത്തി ആരോപണം തെളിയിക്കാൻ യുവാവും വിവരമറിഞ്ഞെത്തിയ ഇയാളുടെ പിതാവും ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. പിടിച്ച സ്ഥിതിക്ക് 500 രൂപയെങ്കിലും പിഴ ഒടുക്കാതെ വിടില്ലെന്നായി പോലീസ്. പറ്റില്ലെന്ന് യുവാവും പിതാവും കർശന നിലപാട് എടുത്തതോടെ വിലാസം എഴുതിയെടുത്ത് പോലീസ് തടിതപ്പി.
ഇന്നലെ രാവിലെ 11 മണിയോടെ കോലാനിയിൽ വാഹന പരിശോധന നടക്കവെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവിനെ പോലീസ് തടഞ്ഞു നിർത്തി. ഹൈൽമറ്റ് ധരിച്ചിട്ടുണ്ട്. വാഹനത്തിന്റെ രേഖകളും കൃത്യം.
തുടർന്ന് ബ്രീത്ത് അനലൈസറിൽ ഊതണമെന്ന് ആവശ്യപ്പെട്ടു. അതിൽ നിന്നും ബിപ്പ് ശബ്ദം കേട്ടതോടെ മദ്യപിച്ചിട്ടുണ്ടെന്നായി പോലീസ്. താൻ മദ്യപിച്ചിട്ടില്ലെന്ന് യുവാവ് ആവർത്തിച്ച് പറഞ്ഞെങ്കിലും പോലീസ് വഴങ്ങിയില്ല. യുവാവിനെ തടഞ്ഞു വെച്ചു. വിവരമറിഞ്ഞ് പിതാവ് സ്ഥലത്ത് എത്തി. ഇതോടെ പിതാവിനോടും ബ്രീത്ത് അനലൈസറിൽ ഊതാൻ പറഞ്ഞു. അപ്പോഴും ബീപ്പ് ശബ്ദം കേട്ടിരുന്നു. എന്നാൽ രണ്ടുപേരെയും വൈദ്യപരിശോധന നടത്തി ലഹരി സ്ഥിരീകരിക്കാൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും പോലീസ് സമ്മതിച്ചില്ല.
പിടിച്ച സ്ഥിതിക്ക് 500 രൂപയെങ്കിലും പിഴയടക്കണമെന്നായി പോലീസ്. തെറ്റില്ലാത്ത സ്ഥിതിക്ക് പിഴയടക്കുന്ന പ്രശ്‌നമില്ലെന്ന് യുവാവും പിതാവും കട്ടായം പറഞ്ഞു. സംഗതി പന്തിയല്ലെന്ന് കണ്ടതോടെ യുവാവിന്റെ വിലാസം രേഖപ്പെടുത്തി പോലീസ് തലയൂരുകയായിരുന്നെന്നും യുവാവിന്റെ പിതാവ് പറഞ്ഞു.